റായ്‌പൂർ: സംസ്ഥാനത്തിന്‍റെ വരുന്ന മൂന്ന് മാസത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 30,000 കോടി പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കത്തെഴുതി. അടിയന്തരമായി 10,000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ കത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ വിവിധ സോണുകളായി തിരിച്ചതിനെ തുടർന്ന് ഗ്രീൻ സോണിൽ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും എന്നാൽ തുടർന്ന് ഗ്രീൻ സോണിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുകയാണെന്നും കത്തിൽ പറയുന്നു.
അനിശ്ചിതത്വം അവസാനിപ്പിക്കാനും സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാനും സംസ്ഥാനത്തിന് അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പണം അനുവദിച്ചില്ലെങ്കിൽ അത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.