ഹൈദരാബാദ്: കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതോടെ വിദേശമദ്യം വീട്ടില്‍ എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘം സജീവമാകുന്നു. തെലങ്കാനയിലെ വിദേശ മദ്യശാലകള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ കുറ്റകൃത്യം നടക്കുന്നത്.
ഗൂഗിളില്‍ മദ്യശാലകളുടെ കോണ്ടാക്ട് ലിസ്റ്റില്‍ സൈബര്‍ വിദഗ്ധരായ സംഘം തങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കും. തുടര്‍ന്ന് ബന്ധപ്പെടുന്നവരോട് മദ്യം എത്തിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഓണ്‍ലൈന്‍ വഴി പണം ഈടാക്കും. ശേഷം ഇവര്‍ ഫോണ്‍ കോള്‍ സ്വീകരിക്കില്ല.
തട്ടിപ്പിനിരയായവരില്‍ പലരും ഇക്കാര്യം പരാതി പെടാത്തതും ഇത്തരക്കാര്‍ക്ക് ഗുണകരമാകുന്നുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണര്‍ രോഹിണി പ്രിയദര്‍ശിനി പറഞ്ഞു. അതിനിടെ തെലങ്കാനയില്‍ വരുന്ന രണ്ട് ആഴ്ച്ചത്തേക്ക് കൂടി മദ്യ ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അറിയിച്ചു.
രാജ്യത്ത് ചില സംസ്ഥാനങ്ങള്‍ മദ്യം വീടുകളില്‍ എത്തിക്കുന്നതടക്കമുള്ള സംവിധാനങ്ങള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ തെലങ്കാനയില്‍ ഒരു കാരണവശാലും മദ്യ വില്‍പ്പന അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.