ലൈംഗിക പീഡനം തടഞ്ഞ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം - bilaspur
ഛത്തീസ്‌ഗഢിലെ കോർബ ജില്ലയിലാണ് വീട്ടമ്മക്ക് നേരെ ബലാത്സംഗശ്രമം ഉണ്ടായത്. പീഡനശ്രമം തടഞ്ഞ യുവതി നിലവിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചതോടെ പ്രതികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
റായ്‌പൂര്‍: ലൈംഗിക പീഡനം തടഞ്ഞ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. ഈ കഴിഞ്ഞ ബുധനാഴ്‌ച രാത്രി ഛത്തീസ്‌ഗഢിലെ കോർബ ജില്ലയിലാണ് ഇരുപത്തിയേഴ് വയസുകാരിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം തടഞ്ഞ യുവതി നിലവിളിച്ച് ആളെ കൂട്ടാൻ ശ്രമിച്ചതോടെ പ്രതികൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശരദ് മാസി, പ്രീതം പൈക്ര, യുവതിയുടെ ഭർത്താവിന്‍റെ പരിചയക്കാരനായ സരോജ് ഗോഡ് എന്നിവരെ ബാംഗോ പൊലീസ് അറസ്റ്റ് ചെയതു.
യുവതി വീട്ടിൽ തനിച്ചായിരുന്ന സമയം പ്രതികൾ വീട്ടിലെത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എന്നാൽ, സ്‌ത്രീ ഉറക്കെ നിലവിളിക്കുകയും പീഡനെത്തെ ചെറുക്കാനും ശ്രമിച്ചതോടെ ഇവർ യുവതിയുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ഓടിരക്ഷപ്പെട്ടു. അടുത്തുള്ള ബന്ധുവീട്ടിൽ പോയ ഭർത്താവ് തിരിച്ചെത്തിയ ശേഷം യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ ശരീരത്തിൽ ഏകദേശം 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 354 (മാനഭംഗപ്പെടുത്തൽ എന്നിവ പ്രകാരം മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.യുവതിയെ ബിലാസ്‌പൂറിലെ ഛത്തീസ്‌ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.