റായ്പൂർ: ഛത്തീസ്‌ഗഡ് റായ്ഗ ജില്ലയിലെ സ്റ്റീൽ പ്ലാന്‍റില്‍ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. പൊട്ടിത്തെറിയിൽ 90 ശതമാനം പൊള്ളലേറ്റ കൻഹയലാൽ (59), ജയറാം ഖാൽക്കോ (35) എന്നിവരാണ് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം പട്രലാപ്ലി ഗ്രാമത്തിലെ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്‍റെ (ജെഎസ്‌പിഎൽ) പരിസരത്തെ യാർഡിൽ പഴയ ഡീസൽ ടാങ്ക് ഗ്യാസ് കട്ടർ ഉപയോഗിച്ച് തൊഴിലാളികൾ മുറിക്കുമ്പോഴാണ് അപകടം നടന്നത്. ടാങ്കിൽ ഡീസലോ ഗ്യാസോ ചെറിയ അളവിൽ ഉണ്ടായിരിന്നിരിക്കാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ടാങ്ക് ഗ്യാസ് കട്ടർ കൊണ്ട് മുറിച്ചപ്പോൾ തീപിടുത്തം സംഭവിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ചികിൽസയിൽ കഴിയുന്ന രണ്ട് തൊഴിലാളികളുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുന്നണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
അതേസമയം, വ്യാവസായിക ആരോഗ്യ സുരക്ഷാ വകുപ്പ് ജെഎസ്‌പിഎല്ലിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവം നടന്നയുടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്‍റെ കാരണം പരിശോധിക്കുകയാണെന്നും ജെഎസ്‌പിഎല്ലിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.