മുംബൈ: കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം, പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ ജനങ്ങളെ ആക്രമിക്കാനുള്ള ത്രിശൂലമായി ഉപയോഗിക്കുകയാണെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട്. ഭേദഗതി ചെയ്ത പൗരത്വ നിയമത്തിന് എന്‍ആര്‍സിയുമായും എന്‍പിആറുമായും ബന്ധമില്ലെന്ന സര്‍ക്കാരിന്‍റെ വാദം പൊള്ളയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
സര്‍ക്കാര്‍ ഭരണഘടന പാലിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണകളുടെ നിര്‍മാണ യൂണിറ്റുകളാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ അവര്‍ക്ക് അറിയില്ലെന്നും അഖിലേന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേ ബൃന്ദ കാരാട്ട് പറഞ്ഞു.
ഇന്ത്യയില്‍ ദിവസവും 93 സ്ത്രീകള്‍ പീഡനത്തിന് ഇരയാകുന്നു. അതില്‍ മൂന്നിലൊന്ന് പ്രായപൂര്‍ത്തിയാകാത്തവരാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ ശിക്ഷാ നിരക്ക് നാല് ശതമാനം മാത്രമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സര്‍ക്കാര്‍ 2010 ലെ എന്‍പിആറിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ആളുകള്‍ എവിടെ നിന്നാണ് മരിച്ചു പോയ മാതാപിതാക്കളുടെ രേഖകളും തെളിവുകളും നല്‍കുന്നത്. സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങളുമായി കളിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍പിആര്‍ രാജ്യവ്യാപകമായി എന്‍ആര്‍സിയിലേക്കുള്ള ചുവടുവയ്പ്പാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.