ന്യൂഡല്‍ഹി: കൊവിഡ് 19 നെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും ജമ്മു കശ്മീരിന് നൽകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്മീരിലെ ഒൻപത് സ്ഥലങ്ങളിൽ കൊവിഡ് 19 സ്ക്രീനിംഗിനും പരിശോധനയ്ക്കുമായി സാമ്പിളുകൾ ശേഖരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഗവൺമെന്‍റ് കോളജ് ജമ്മു, ആർമി കമാൻഡ് ഹോസ്‌പിറ്റൽ ഉദംപൂർ, ഷേർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ശ്രീനഗർ, ഗവൺമെന്‍റ് കോളജ് ശ്രീനഗർ എന്നീ നാല് സ്ഥലങ്ങളിലാണ് കൊവിഡ് -19 പരിശോധനയ്ക്കുള്ള ഓപ്പറേഷൻ ലബോറട്ടറികൾ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. കതുവ, ദോഡ, രാജൗരി, അനന്ത്നാഗ്, ബാരാമുള്ള എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകൾക്ക് പുറമേ ഈ ലാബുകളും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
ജമ്മു കശ്മീർ പോലുള്ള ഒരു ചെറിയ പ്രദേശത്തെ കളക്ഷൻ സെന്‍ററുകളുടെ എണ്ണം മറ്റ് ചില കേന്ദ്ര പ്രദേശങ്ങളിലുള്ളതിനെക്കാള്‍ കൂടുതലായതിനാൽ ആളുകൾ ആശങ്കപെടേണ്ടതില്ലെന്നും സിംഗ് പറഞ്ഞു. ആവശ്യമെങ്കിൽ ഇത്തരം കൂടുതൽ കേന്ദ്രങ്ങൾ ഐസിഎംആറിന്‍റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും സഹായത്തോടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.