ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്‌ടപരിഹാര തുക നൽകാനൊരുങ്ങി കേന്ദ്രം. 35,298 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ജിഎസ്‌ടി മൂലം വരുമാനശേഖരണത്തിലുണ്ടായ നഷ്‌ടത്തിന് കേന്ദ്രസർക്കാർ നഷ്‌ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. 2016-17 വർഷിക വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ 14 ശതമാനത്തിന് മുകളിലാണ് നഷ്‌ടപരിഹാരം നിശ്ചയിച്ചിരുന്നത്. പുകയില ഉൽപന്നങ്ങൾ, സിഗററ്റുകൾ, എയറേറ്റഡ് വാട്ടർ, വാഹനങ്ങൾ, കൽക്കരി എന്നിവയിൽ നിന്നുള്ള നികുതിയിൽ നിന്നാണ് നഷ്‌ടപരിഹാരം നൽകുന്നതിനുള്ള കോർപ്പസ് ശേഖരിച്ചത്.
എല്ലാ വർഷവും രണ്ട് മാസത്തിലൊരിക്കലാണ് നഷ്‌ടപരിഹാരം നൽകിയിരുന്നത്. എന്നാൽ ആഗസ്റ്റ് മുതൽ ഇതിന് മുടക്കം സംഭവിച്ചതോടെയാണ് സംസ്ഥാനങ്ങൾ പ്രതിഷേധം ആരംഭിച്ചത്. 38-ാമത് ജിഎസ്‌ടി കൗൺസിൽ യോഗം ചേരാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് തീരുമാനം പുറത്തുവന്നത്. പഞ്ചാബ്, പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് നഷ്‌ടപരിഹാരം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തിയത്.
നഷ്‌പരിഹാരം നൽകാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകിയെങ്കിലും സമയം വ്യക്‌തമാക്കിയിട്ടില്ല. 2017-18 കാലയളവിലെ മുഴുവൻ നികുതി തുക 62,596 കോടി രൂപയായിരുന്നു, അതിൽ 41,146 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. ബാക്കി തുകയായ 15,000 കോടി നികുതി ഫണ്ടിലേക്ക് നൽകി. ഈ വർഷം ലഭിച്ച 95,081 കോടിയിൽ 69,275 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരുന്നു. ജിഎസ്‌ടി വരുമാനം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞതാണ് തുക നൽകാൻ കാലതാമസം നേരിട്ടതിന് കാരണമെന്നാണ് കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം.