വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്‍റെനേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിനെ (ജെ.കെ.എല്‍.എഫ്) നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് നടപടി. ജമ്മു കശ്മീരില്‍ നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സുരക്ഷാകാര്യ മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
1988 മുതൽ കശ്മീരിൽ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു. കശ്‍മീരി പണ്ഡിറ്റുകൾക്ക് നേരെയും സുരക്ഷാ എജൻസിക്ക് നേരെയുമുള്ളപല ആക്രമണങ്ങളിലും ജെകെഎൽഎഫിന് പങ്കുണ്ടെന്നും രാജീവ് ഗൗബ പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ അറസ്റ്റിലായ യാസിന്‍ മാലിക്കശ്മീരിലെ ജയിലില്‍ കഴിയുകയാണ്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിലെ വിഘടന വാദികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. 37 കേസുകളാണ് സംഘടനക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം നടത്തുന്നുണ്ട്.പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.