ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ അതിഥി തൊഴിലാളികളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് ടിക്കറ്റിന് പണം ഈടാക്കുന്ന കേന്ദ്ര നടപടിയെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു.

കോൺഗ്രസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിഥി തൊഴിലാളികൾക്ക് സൗജന്യമായി ഗതാഗത സൗകര്യം ഒരുക്കാനോ ഭക്ഷണം നല്‍കാനോ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. അതിനാലാണ് തൊഴിലാളികൾക്ക് തങ്ങൾക്കാവുന്ന സഹായം നല്‍കാൻ കോൺഗ്രസ് മുന്നോട്ട് വന്നതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്നും അതിഥി തൊഴിലാളികൾക്ക് സർക്കാർ സൗജന്യ ടിക്കറ്റുകൾ നൽകിയാൽ ഞങ്ങൾ ആ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വേണുഗോപാലിനൊപ്പം പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാലയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി. കേന്ദ്രഗവൺമെന്‍റ് അഗാധമായ ഉറക്കത്തിൽ നിന്ന് ഉണർന്ന് അവരുടെ ഉത്തരവാദിത്തം കാണിക്കേണ്ട സമയമാണിതെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികളെന്നും സുര്‍ജേവാല പറഞ്ഞു. നാട്ടിലേക്ക് മടങ്ങുന്ന നിര്‍ധനരായ അതിഥി തൊഴിലാളികൾക്കുള്ള ട്രെയിൻ യാത്രാച്ചെലവ് അതത് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ വഹിക്കുമെന്ന് സോണിയ ഗാന്ധി അറിയിച്ചിരുന്നു.