ന്യൂഡൽഹി: ആന്‍റി ബോഡി പരിശോധന കിറ്റുകൾ വിതരണക്കാർക്ക് ഉടൻ തിരികെ നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പരിശോധന കിറ്റുകൾ പ്രവർത്തനക്ഷമമല്ലെന്ന് പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. പിപിഇ കിറ്റുകൾ വിതരണം ചെയ്ത രണ്ട് ചൈനീസ് കമ്പനികൾക്ക് കിറ്റുകൾ തിരികെ നൽകാനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തീരുമാനിച്ചു. ഏപ്രിൽ പകുതിയോടെയാണ് ചൈനീസ് കമ്പനികളിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം ആന്‍റി ബോഡി പരിശോധന കിറ്റുകൾ ഇന്ത്യ ഇറക്കുമതി ചെയ്തത്.
കൃത്യതയില്ലായ്മയും പരിശോധന ഫലങ്ങളിലെ വ്യതിയാനവും കാരണം ചൈന വിതരണം ചെയ്യുന്ന ആന്‍റി ബോഡി പരിശോധന കിറ്റുകൾക്കെതിരെ സ്‌പെയിൻ, യുകെ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു. അതേസമയം, കമ്പനികൾക്കെതിരെ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗ്രവാൾ പറഞ്ഞു.