ന്യൂഡൽഹി: 2019ൽ പ്രകൃതിദുരന്തങ്ങൾ ബാധിച്ച എട്ട് സംസ്ഥാനങ്ങൾക്ക് അധിക സഹായം അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയിൽ 5,751.27 കോടി രൂപയുടെ സഹായത്തിന് ഇന്നലെ അംഗീകാരം ലഭിച്ചു. ബിഹാർ, കേരളം, മഹാരാഷ്‌ട്ര, നാഗാലാന്‍റ്, ഒഡീഷ, രാജസ്ഥാൻ, കർണാടക, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം നൽകുന്നത്.
ബീഹാറിന് 953.17 കോടി (400 കോടി നൽകിക്കഴിഞ്ഞു), കേരളത്തിന് 460.77 കോടി, നാഗാലാന്‍റിന് 177.37 കോടി, ഒഡീഷക്ക് 179.64 കോടി, മഹാരാഷ്‌ട്രക്ക് 1758.18 കോടി, രാജസ്ഥാന് 1119.98 കോടി, പശ്ചിമ ബംഗാളിന് 1090.68 കോടി, കർണാടകക്ക് 11.48 കോടി എന്നിങ്ങനെയാണ് അനുവദിക്കുക. 2019-20 കാലയളവിൽ 29 സംസ്ഥാനങ്ങൾക്ക് 10937.62 കോടി രൂപ ( ജമ്മു കശ്‌മീർ ഉൾപ്പെടെ) സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കേന്ദ്ര വിഹിതമായ 14108.58 കോടിയിൽ നിന്നും സഹായം നൽകിയിരുന്നു.