ബെംഗളൂരു: കർണാടകയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാർ നിയമിച്ച ഒരു സംഘം ഡോക്ടർമാർ. ആരോഗ്യ സ്ഥാപനങ്ങളിൽ മാനവ വിഭവശേഷി ശക്തിപ്പെടുത്തണമെന്ന് ഡോക്ടർമാരുടെ സംഘം സംസ്ഥാനത്തിന് നിർദേശം നൽകി. ബഹുജന കൗൺസിലിംഗ് പോലുള്ള പരിപാടികൾ നടത്തണമെന്നും സംസ്ഥാനത്തോട് ആവശ്യപ്പെട്ടതായി ആരോഗ്യ കുടുംബക്ഷേമ കമ്മീഷണർ പങ്കജ് കുമാർ പാണ്ഡെ പ്രസ്താവനയിൽ പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനോടൊപ്പം കേന്ദ്രം ധന സഹായം നൽകേണ്ട ആവശ്യകതയും സംഘം പരിശോധിച്ചു. ബെംഗളൂരുവിൽ എത്തിയ സംഘം കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, ബിഎംസി വിക്ടോറിയ ആശുപത്രി എന്നിവ സന്ദർശിച്ചു. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്), രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പും പരിശോധിച്ചു.
മൈസൂരു, മാണ്ഡ്യ, ചിക്കബല്ലാപുര, ഹസ്സൻ, ദക്ഷിണ കന്നഡ എന്നിവിടങ്ങളിലെ പ്രാദേശിക, സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷം ക്രിട്ടിക്കൽ കെയർ സപ്പോർട്ട് ടീം, ടെലി-ഐസിയു യൂണിറ്റ്, ബിബിഎംപി മുറി, മീഡിയ ബുള്ളറ്റിൻ റൂം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി കർണാടക സർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും പരിശോധിച്ചതായി പങ്കജ് കുമാർ പാണ്ഡെ പറഞ്ഞു.