ന്യൂഡല്‍ഹി: ഉത്സവ സീസണില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പ്രത്യേക യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം, ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളിലെ സാഹചര്യം യോഗത്തില്‍ വിലയിരുത്തി. കൊവിഡ് കേസുകള്‍ വന്‍തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ് സ്‌ട്രാറ്റജി പിന്തുടരാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 ലക്ഷം പേരില്‍ 66,755 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ടെസ്റ്റ് നടത്തുന്നത്. ഇവരില്‍ 16.5 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
കേരളത്തില്‍ നിലവില്‍ 93,369 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ നാല് ആഴ്‌ചക്കിടെ 11 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,790 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന് ആശ്വാസം പകരുന്നുണ്ട്. 0.34 ആണ് സംസ്ഥാനത്തെ മരണ നിരക്ക്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിന് വിവിധ കാരണങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ നിരത്തുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നതും വായുമലിനീകരണവും ജോലി സ്ഥലത്തെ കൊവിഡ് കേസുകളുടെ എണ്ണവും ഉള്‍പ്പെടെ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. വ്യാഴാഴ്‌ച മാത്രം 29,378 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 1.76 ആണ് സംസ്ഥാനത്തെ കൊവിഡ് മരണ നിരക്ക്. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 7.9 ശതമാനം വര്‍ദ്ധനവും സംസ്ഥാനത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,924 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് 37,111 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ നാല് ദിവസത്തെ കണക്കെടുത്താല്‍ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 23 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉള്ളത്. കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള നീക്കം.
വ്യാഴാഴ്‌ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍, ഡോ. വികെ പോള്‍, ഡോ. ബെല്‍റാം ഭാര്‍ഗവ, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.