ലഖ്‌നൗ: ഉത്തർപ്രദേശിൽ ടെലിവിഷൻ റേറ്റിംഗ് പോയിന്‍റുകളിൽ (ടിആർപി) കൃത്രിമം നടത്തിയ കേസിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പരസ്യ കമ്പനി പ്രൊമോട്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന കേസ് ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച സിബിഐക്ക് കൈമാറി. റിപ്പബ്ലിക് ടിവി ഉൾപ്പെടെ മൂന്ന് ചാനലുകൾ ടിആർപിയില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് പൊലീസ് അന്വേഷണം നടത്തുന്ന സമയത്താണ് ഈ നീക്കം.
ഡിജിപിയുടെ ശുപാർശ പ്രകാരമാണ് കേസ് സിബിഐക്ക് കൈമാറിയതെന്ന് യുപി ആഭ്യന്തര വകുപ്പ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പണം നൽകി ടിആർപികളില്‍ കൃത്രിമം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ സിബിഐ അധികൃതർ വിസമ്മതിച്ചു. പ്രമുഖ മാധ്യമ, പരസ്യ സ്ഥാപനത്തിലെ റീജിയണൽ ഡയറക്ടറായ കമൽ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 17 നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ത്യയിൽ ബാർ-ഒ-മീറ്റർ എന്ന ഉപകരണം ഉപയോഗിച്ചാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്) ടിആർപി കണക്കാക്കുന്നത്. രാജ്യത്തുടനീളം 45,000 വീടുകളിൽ ഈ ഉപകരണം സ്ഥാപിച്ചിട്ടുണ്ട്. വീടുകളിലെ അംഗങ്ങൾ കണ്ട ഒരു പ്രോഗ്രാം അല്ലെങ്കിൽ ചാനലിനെക്കുറിച്ചുള്ള വിവരം ഈ ഉപകരണം ശേഖരിക്കുകയും ഇതനുസരിച്ച് ബാർക് പ്രതിവാര റേറ്റിംഗുകൾ നൽകുകയും ചെയ്യുന്നു.