ന്യൂഡൽഹി: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നവീകരണ പ്രവർത്തനത്തിൽ 705 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ജിവികെ ഗ്രൂപ്പിനെതിരെ സിബിഐ കേസ്. ജിവികെ ഗ്രൂപ്പ് ചെയർമാൻ വെങ്കട കൃഷ്‌ണ റെഡ്ഡി ഗുണുപതി, മകൻ ജി വി സഞ്ജയ് റെഡ്ഡി എന്നിവർക്കെതിരെയാണ് സിബിഐ കേസെടുത്തത്. മുംബൈ ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ മാനേജിങ് ഡയറക്‌ടറാണ് ജി വി സഞ്ജയ് റെഡ്ഡി. വിമാനത്താവളത്തിന്‍റെ നവീകരണത്തിനായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും ജിവികെ എയർപോർട്ട്സ് ഹോൾഡിംഗ്‌സ് ലിമിറ്റഡും സംയുക്ത സംരംഭത്തിന് രൂപം നൽകിയിരുന്നു.
2006 ഏപ്രിൽ നാലിനാണ് ഇത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ അധികൃതരുമായി കരാറിൽ ഒപ്പുവെച്ചത്. പൊതു സ്വകാര്യ പങ്കാളിത്ത സ്ഥാപനമായ മുംബൈ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് കീഴിലായിരുന്നു പദ്ധതി. ജിവികെ അധികൃതർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രമക്കേട് കാണിച്ചുവെന്നാണ് ഇരുവർക്കും എതിരെയുള്ള ആരോപണം. 2017-18 ൽ ഒൻപത് കമ്പനികൾക്ക് വ്യാജ കരാറുകൾ നടപ്പാക്കിയതായി കാണിച്ച് ഫണ്ട് തട്ടിയെടുത്തതായും 310 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വ്യക്തിപരവും കുടുംബപരവുമായ ചെലവുകൾ ഇതിലൂടെ നടപ്പാക്കിയെന്നും കേസിൽ സിബിഐ ആരോപിച്ചു.