ജയ്‌പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ചുള്ള ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട പെഹ്‌ലു ഖാനെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് . പെഹ്‌ലു ഖാന്‍റെ കൊലപാതത്തിന് പിന്നിലെ യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണിതെന്നും ഗെലോട്ട് ആരോപണം ഉന്നയിച്ചു. പെഹ്‌ലു ഖാന്‍ അനധികൃതമായി പശു കടത്തല്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി രജിസ്‌റ്റര്‍ ചെയ്‌ത കേസ് കൃത്യമായ തെളിലുകളില്ലെന്ന കാരണത്താല്‍ രാജസ്ഥാന്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ പ്രസ്‌താവന.
2017 എപ്രിലിലാണ് പെഹ്‌ലു ഖാന്‍ കൊല്ലപ്പെട്ടത്. ബിജെപിയുടെ ഗൂഡാലോചനയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് തള്ളിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും കേസില്‍ യഥാര്‍ഥ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്‌ത പൊലീസ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. വിഷയത്തില്‍ പ്രത്യേക നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്‌തമാക്കി