ചണ്ഡീഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വാഹനവ്യൂഹം തടഞ്ഞ കര്‍ഷകര്‍ക്കെതിരെ കേസ്. 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരാണ് അംബാലയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയാന്‍ ശ്രമിക്കുകയും ചെയ്‌തത്.
എന്നാല്‍ പൊലീസ് ഇടപെട്ട് മുഖ്യമന്ത്രിക്ക് പോകാന്‍ പാതയൊരുക്കിയിരുന്നു. ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ഷകര്‍ക്കെതിരെ കേസെടുത്തത്. കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് നേരെ വടിയെടുത്ത് അടിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അംബാലയില്‍ പ്രചരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. വാഹനവ്യൂഹം തടയാനെത്തിയ കര്‍ഷകര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.