ന്യൂഡൽഹി: ഒക്ടോബർ എട്ട് മുതൽ കൊവിഡിന് എതിരെ പൊതുജന അവബോധ ക്യാമ്പയിൻ ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. കൊവിഡ് വാക്സിൻ ഇല്ലാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക എന്നിവയാണ് കൊവിഡിനെ ചെറുക്കാനുള്ള വഴികളെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിച്ച അദ്ദേഹം പറഞ്ഞു.
റെയിൽവേ സ്റ്റേഷനുകൾ, വിമാനങ്ങൾ, ഓട്ടോറിക്ഷ, മെട്രോ, പെട്രോൾ പമ്പുകൾ, സ്‌കൂൾ, കോളേജുകൾ, അംഗൻവാടി കേന്ദ്രങ്ങൾ, ഹൗസിംഗ് സൊസൈറ്റികൾ, മാർക്കറ്റുകൾ, പൊലീസ് സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുമെന്നും സമൂഹ മാധ്യമങ്ങൾ വഴി ക്യാമ്പയിനുകൾ നടത്തുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
20 വർഷമാഇ രാജ്യത്തെ സേവിച്ച പ്രധാനമന്ത്രി മോദിയോട് മന്ത്രിസഭ നന്ദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വൈദ്യുതി, ഗ്യാസ്, ശൗചാലയം, രോഗപ്രതിരോധം, ആയുഷ്മാൻ ഭാരത്, ബാങ്ക് അക്കൗണ്ടുകൾ എന്നിവ രാജ്യത്തെ എല്ലാ ജനങ്ങൾക്കും എത്തിച്ച് നൽകാൻ അദ്ദേഹത്തിനായെന്നും കേന്ദ്രമന്ത്രി പറഞ്ഞു.