ന്യൂഡൽഹി: കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ അവശ്യവസ്തു നിയമ ഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കർഷകർക്ക് ഗുണകരമാകുന്ന നിർണായക തീരുമാനമാണിതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
അവശ്യവസ്തു നിയമത്തിൽ കർഷകർക്ക് പ്രയോജനം ചെയ്യുന്ന ഭേദഗതികളാണ് നടത്തിയത്. ഇത് കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഇതോടെ കർഷകരുടെ ഉൽപന്നങ്ങൾ അവർക്ക് എവിടെ വേണമെങ്കിലും വിൽപന നടത്താൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തീരുമാനത്തിലൂടെ കൃഷിക്കാരെ കാർഷിക ഉൽപാദന മാർക്കറ്റ് കമ്മിറ്റിയിൽ നിന്നും മോചിപ്പിച്ചു. മെച്ചപ്പെട്ട പണമടയ്ക്കുന്ന ഏതൊരാൾക്കും ഉൽപന്നം എവിടെ വിൽക്കാനും ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്. ഇതിലൂടെ ഒരു രാജ്യം ഒരു വിപണിയെന്ന ആശയം നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.