ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. മുര്‍ഷിദബാദില്‍ പ്രതിഷേധക്കാര്‍ അഞ്ച് ട്രെയിനുകള്‍ക്ക് തീയിട്ടു. ഡല്‍ഹിയില്‍ രണ്ട് മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടെങ്കിലും പിന്നീട് തുറന്നു. ജാമിയ മിലിയ സര്‍വകലാശാല ഒരു മാസത്തേക്ക് അടച്ചിട്ടു. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
പ്രതിഷേധത്തിന്‍റ പശ്ചാത്തലത്തില്‍ മേഘാലയ അസം സംസ്ഥാനങ്ങളില്‍ ഇന്ന് നടക്കാനിരുന്ന പരിക്ഷകള്‍ മാറ്റിവച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ മുന്‍ നിശ്ചയിച്ച തിയതികളിലാകും പരീക്ഷനടക്കുക. അതിനിടെ അസമിലെ ഗോലഘട്ട് ജില്ലയിലെ സരുപഥറിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ഗോലഘട്ട് എസ്പിയും മറ്റ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. മൂന്നു തവണ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു.
അതേ സമയം അസമില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ഡി.ജി.പി ഭാസ്കര്‍ ജോതി മാഹന്‍ന്ദ പറഞ്ഞു. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് പ്രതിഷേധത്തിന്‍റെ രൂക്ഷത കുറയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 100 ഓളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്തുവരെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.
അസമിലെ സര്‍ക്കാര്‍ തൊഴിലാളികള്‍ നടത്തിവന്ന സമരം ഡിസംബര്‍ 18ഓടുകൂടി അവസാനിപ്പിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. അസമില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ രണ്ട് ദിവസത്തേക്ക് കൂടി നിര്‍ത്തി വച്ചിട്ടുണ്ട്. ത്രിപുരയിലും സ്ഥിതിഗതികള്‍ ശാന്തമാകുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്. ശനിയാഴ്ച്ച കടകളും വാണിജ്യ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന്‍റ ഭാഗമായി വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നില്ല.