ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്‌ട്രപതിയോട് സമയം ആവശ്യപ്പെട്ടു. ലോക്സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. പിന്നാലെ വ്യാപകമായ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയായത്.
അസമിലും, ബംഗാളിലും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അസമിലുണ്ടായ പൊലീസ് വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും, രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്‌തിരുന്നു. രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാരും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. 2014 ഡിസംബര്‍ 31ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും.