ന്യൂഡൽഹി: എയർ ഇന്ത്യയുടെ പേരിൽ വ്യാജ തൊഴിൽ സംരംഭം സൃഷ്ടിച്ച് നൂറുകണക്കിന് തൊഴിലന്വേഷകരെ കബളിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ സ്വരൂപിക്കുകയും ചെയ്ത റാക്കറ്റ് ഡൽഹി പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടവർക്ക് എയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് സംഘം ചെയ്തിരുന്നത്. തൊഴിലന്വേഷകരുടെ വിശ്വാസം നേടുന്നതിനായി വ്യാജ അഭിമുഖങ്ങളും സംഘം നടത്തി. അറസ്റ്റിലായവർ ജോബ് പരസ്യ പോർട്ടലായ www.shine.comൽ വ്യാജ ഐഡന്‍റിറ്റി ഉപയോഗിച്ച് തൊഴിലുടമയുടെ അക്കൗണ്ട് ഉണ്ടാക്കി, തൊഴിലന്വേഷകരുടെ ഇമെയിൽ വിലാസങ്ങൾ, പേര്, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു.
ഒന്നിലധികം അക്കൗണ്ടുകൾ രജിസ്റ്റർ ചെയ്യുകയും നിരവധി ടെലികോം സേവന ദാതാക്കളുടെ സിം കാർഡുകളും ഇതിനായി ഉപയോഗിക്കുകയും ചെയ്തു. ശേഷം പ്രതികൾ തൊഴിൽ അന്വേഷകരെ ഇമെയിൽ, ടെലിഫോണിക് കോളുകൾ വഴി ബന്ധപ്പെടാൻ തുടങ്ങി. അവർ ആയിരക്കണക്കിന് തൊഴിലന്വേഷകരുമായി ബന്ധപ്പെടുകയും തൊഴിലില്ലാത്തവരെ കബളിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു. ഇതുവരെ പ്രതികളുടെ 12 വ്യാജ ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 60 ലക്ഷം രൂപ ഈ വ്യാജ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പലം വില്ലേജ് പൊലീസ് സ്റ്റേഷനിൽ 71,000 രൂപ തട്ടിപ്പ് നടത്തിയതായി ഒരു സ്ത്രീ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട ഇവർക്ക് എയർ ഇന്ത്യ ഇമെയിൽ വിലാസത്തിൽ നിന്ന് മെയിൽ ലഭിക്കുകയും ജോലിയ്ക്കായി ആദ്യം 1,875 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഓഫർ ലെറ്റർ ലഭിച്ചു. പിന്നീട് യൂണിഫോമിനും സ്ഥിരീകരണത്തിനുമായി പണം നിക്ഷേപിക്കാൻ സംഘം ആവശ്യപ്പെട്ടു.