ഹൈദരാബാദ്: തെലങ്കാന ടിഎസ്ആർടിസി ജീവനക്കാരുടെ സമരം ഒരു മാസത്തോട് അടുക്കുമ്പോൾ കടുത്ത നടപടികളുമായി സർക്കാർ. തെലങ്കാനയിലെ 50 ശതമാനം ബസ് സർവീസുകളും സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അറിയിച്ചു. സമരം ചെയ്യുന്ന ജീവനക്കാർ 3 ദിവസത്തിനകം ജോലിക്ക് ഹാജരാകാൻ തയ്യാറായില്ലെങ്കിൽ കടുത്ത നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി.
ആകെയുള്ള 10,400 റൂട്ടുകളിൽ 5100 റൂട്ടുകളും സ്വകാര്യവൽക്കരിക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകൾ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇത് മന്ത്രിസഭയുടെ നയപരമായ തീരുമാനമാണെന്നും പിൻവലിക്കില്ലെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്‍റെ മോട്ടോർ വാഹന നിയമഭേദഗതി ഇതിന് അധികാരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പണിമുടക്കുന്ന ജീവനക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടുത്തുക എന്നത് ഞങ്ങളുടെ ഉദ്ദേശമല്ല. യൂണിയൻ നേതാക്കൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. തിരികെയെത്തി ജോലി തുടരാൻ ജീവനക്കാർക്ക് ഒരു സുവർണാവസരം കൂടി നൽകുകയാണ് ഞങ്ങൾ. നവംബർ അഞ്ച് അർദ്ധരാത്രിക്കുള്ളിൽ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ നിങ്ങളുടെ ജോലി നഷ്ടപെടും കെസിആർ മുന്നറിയിപ്പ് നൽകി.
ടിഎസ്ആർടിസിയെ സർക്കാർ മേഖലയിൽ ഉൾപ്പെടുത്തണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ശമ്പളം നലകാനാകില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. സമരം ടിഎസ്ആർടിസിക്ക് ഏകദേശം 175 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് റിപ്പോർട്ട്.