ഭുവനേശ്വർ : ഒഡീഷയിലെ ബാലസോർ ജില്ലയിൽ പുതുച്ചേരിയിൽ നിന്നും കുടിയേറ്റ തൊഴിലാളികളുമായി വന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ജംജാദി പ്രദേശത്തിന് സമീപം എൻഎച്ച് -16 റോഡിൽ 40 ഓളം യാത്രക്കാരുമയി വന്ന സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് സിമുലിയ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻസുർ പർസുരം സാഹു പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അദേഹം പറഞ്ഞു.
ഗുരുതരമായി പരുക്കേറ്റ മൂന്നുപേർ ബാലസോർ ജില്ലാ ആശുപത്രിയിലാണ്. പുതുച്ചേരിയിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ ബിഹാറിലെ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുകയായിരുന്നു. മറ്റ് യാത്രക്കാരെ ബിഹാറിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.