ജയ്‌പൂര്‍: ലോക സമാധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു സംഘം ബുദ്ധ സന്യസിമാര്‍ നടത്തുന്ന പദയാത്രയായി രാജസ്ഥാനിലെത്തി. തായ്‌ലൻഡില്‍ നിന്ന് മ്യാൻമാര്‍ വഴിയാണ് സംഘം രാജസ്ഥാനിലെ ബാർമറിലെത്തിയത്. മുനബാവോ വഴി പാകിസ്ഥാനിലേക്ക് പോകാനാണ് സംഘത്തിന്‍റെ ലക്ഷ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനോ മറ്റ് ഏജൻസികൾക്കോ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഉത്തരവ് ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ഇവര്‍ക്കായി മുനബാവോയിലെ ഇന്തോ-പാക് അതിർത്തി മൂന്നാം തവണ തുറക്കപ്പെടും. തായ്‌ലൻഡിൽ നിന്ന് അമേരിക്കൻ ഐക്യനാടുകളിലേക്കും ഒമ്പതിനായിരം കിലോമീറ്ററോളം സംഘം യാത്ര ചെയ്‌തിട്ടുണ്ട്. സംഘത്തിൽ 11 തായ് സന്യാസിമാരും ഒരു കനേഡിയൻ സന്യാസിയുമാണുള്ളത്.
ഇന്ന് ലോകത്തിന് ഏറ്റവും അത്യന്താപേക്ഷിതം സമാധാനവും ഐക്യവുമാണെന്ന് സംഘ തലവനായ സന്യാസി പാ സുതം നധി ദോം പറഞ്ഞു. ആഗോള സമാധാനത്തെക്കുറിച്ച് കൂടുതലായി നാം ചിന്തിക്കണം. മനസിനെ ശാന്തമാക്കിയാല്‍ സമാധാനം ഉറപ്പാക്കാൻ കഴിയും. എല്ലാവർക്കും വാഹനത്തില്‍ ലോകം ചുറ്റാൻ കഴിയും. എന്നാൽ കാൽനടയായി ലോകം ചുറ്റുന്നത് വ്യത്യസ്‌ത തരത്തിലുള്ള സംതൃപ്‌തിയാണ് നല്‍കുന്നത്. മാത്രമല്ല, യാത്ര മനസിനെ ശാന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.