ന്യൂഡൽഹി: ആറാമത് ബ്രിക്സ് പാർലമെന്‍ററി ഫോറത്തെ ലോക്സഭാ സ്പീക്കർ ഓം ബിർള അഭിസംബോധന ചെയ്തു. “ആഗോള സ്ഥിരത, പൊതു സുരക്ഷ, നൂതന വളർച്ച എന്നിവയിൽ ബ്രിക്സിന്‍റെ പങ്കാളിത്തം” എന്നതായിരുന്നു ഫോറത്തിന്‍റെ പ്രമേയം. മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ ഭീഷണിയായ ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ബ്രിക്സ് രാജ്യങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ ബിർള പറഞ്ഞു. ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ പാർലമെന്‍റ് അംഗങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരായിരിക്കാൻ കഴിയില്ല. തീവ്രവാദത്തിന്‍റെയും അക്രമ തീവ്രവാദത്തിന്‍റെയും വെല്ലുവിളികൾക്കെതിരെ പോരാടാൻ രാജ്യങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരപ്രവർത്തനങ്ങൾക്കായുള്ള ധനസഹായം ഉടനടി നിർത്തണമെന്നും ഭീകരതയുടെ വ്യാപനത്തിനും അക്രമ തീവ്രവാദത്തിനും ഉതകുന്ന വ്യവസ്ഥകൾ എത്രയും വേഗം നീക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭിന്നതകൾക്കിടയിലും, നീതിപൂർവ്വവും നീതിയുക്തവുമായ ഒരു ലോകത്തെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് ബ്രിക്സ് രാജ്യങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും ബിർള പറഞ്ഞു.
ദശലക്ഷക്കണക്കിന് നിരപരാധികളുടെ ദാരുണമായ മരണത്തിനും കടുത്ത സാമ്പത്തിക വെല്ലുവിളികൾക്കും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നതിനും കൊവിഡ് കാരണമായതായി ബിർള പരാമർശിച്ചു. അന്താരാഷ്ട്ര ഐക്യത്തിനും സഹകരണത്തിനും ഏറ്റവും പ്രാധാന്യം ഇപ്പോൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭൂതപൂർവമായ കൊവിഡ് പ്രതിസന്ധിയെ നേരിടാനുള്ള ഇന്ത്യയുടെ അനുഭവങ്ങളും തന്ത്രങ്ങളും പങ്കുവെച്ച ബിർള, ദുർബല വിഭാഗങ്ങളുടെ ശാക്തീകരണം, കാർഷികം, ബിസിനസ്സ്, എംഎസ്എംഇകളും മറ്റ് വ്യവസായങ്ങൾ എന്നിവയുടെ വളർച്ചയ്ക്കായി ഇന്ത്യ ആരംഭിച്ച പദ്ധതികളെ കുറിച്ചും സംസാരിച്ചു.