തിരുച്ചിറപ്പള്ളി (തമിഴ്‌നാട്): തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയ്ക്കടുത്ത് നാടുകാട്ടുപ്പട്ടിയില്‍ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരന് വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 100 അടി താഴ്ചയിൽ അൾട്രാ റിഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു തുരങ്കം രക്ഷാപ്രവർത്തകർ നിര്‍മിച്ചു. സമാന്തരമായി നിര്‍മിച്ച ഈ തുരങ്കത്തിലേക്ക് മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇറങ്ങാൻ തീരുമാനിച്ചു. നിലവിൽ കുട്ടി 100 അടി താഴ്ചയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിലധികമായി കുട്ടിയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും എസ്‍ഡിആര്‍എഫ് അംഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്കറും തിരുച്ചിറപ്പള്ളി ജില്ലാ കലക്‌ടർ ശിവരാജും രക്ഷാപ്രവർത്തകരുമായി സംസാരിച്ചു.
ഇന്നലെ രാത്രി കുട്ടിയിൽ നിന്ന് പ്രതികരണം ഉണ്ടായിരുന്നെങ്കിലും രാവിലെ മുതൽ പ്രതികരണങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയെ പുറത്തെടുത്താലുടൻ ചികിത്സ നൽകാനായി വിദഗ്ദ മെഡിക്കൽ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുഴൽക്കിണറിന് സമാനമായി തുരങ്കം നിർമ്മിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു രക്ഷാപ്രവർത്തകർ ആദ്യം ശ്രമിച്ചത്. എന്നാൽ 10 അടി താഴ്ചയിൽ പാറയായതോടെ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ആറോളം സംഘങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മെഡിക്കൽ സംഘം കുഴൽക്കിണറിന് പുറത്തു നിന്ന് കുട്ടിയ്ക്ക് ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. നേരത്തെ കുട്ടിയുടെ കരച്ചില്‍ കേട്ടിരുന്നതായും എന്നാല്‍ ഇപ്പോള്‍ കരച്ചില്‍ കേള്‍ക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകർ പ്രതികരിച്ചു.