ആന്ധ്ര പ്രദേശ്: കൊവിഡ് രോഗ ബാധിതരായ ട്രക്ക് ഡ്രൈവര്‍മാര്‍ സുഹൃത്തുക്കളുമൊത്ത് ചീട്ട് കളിച്ചതിലൂടെ രോഗം പകര്‍ന്നത് ഇരുപത്തിനാലോളം പേര്‍ക്ക്. വിജയവാഡയിലാണ് സംഭവമെന്ന് കൃഷ്ണ ജില്ലാ കലക്ടര്‍ ഇമിത്യാസ് പറഞ്ഞു. വീട്ടിലിരിക്കുകയായിരുന്ന വിജയവാഡയിലെ ട്രക്ക് ഡ്രൈവര്‍ സമയം ചെലവഴിക്കാനായി സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കും ഒപ്പം ചീട്ട് കളിക്കുകയായിരുന്നു. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് മറ്റുളളവരില്‍ പരിശോധന നടത്തിയത്. ഇതോടെ 24 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. കൃഷ്ണ നദി തീരപ്രദേശത്താണ് സംഭവം. ഇവര്‍ സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പം തമ്പോല കളിക്കുകയായിരുന്നു.
കര്‍മ്മിക നഗറിലെ ട്രക്ക് ഡ്രൈവര്‍ വഴി 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സാമൂഹ്യ അകലം പാലിക്കാത്തതാണ് രോഗം പടരാന്‍ കാരണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. റെക്കോഡ് ചെയ്ത വീഡിയോ വഴിയാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. വിജയവാഡ സംസ്ഥാനത്തെ കൊവിഡ് ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. . ജനങ്ങള്‍ ശാരീരിക അകലം പാലിക്കാന്‍ തയ്യാറാകണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.