ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ കാണാതായ ബിഎസ്എഫ് ജവാന്റെ മൃതദേഹം അതിർത്തിക്ക് അപ്പുറത്ത് പാകിസ്ഥാനില്‍ നിന്നും കണ്ടെത്തി. 72 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ബിഎസ്എഫ് സബ് ഇൻസ്പെക്ടർ പരിതോഷ് മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്. പട്രോളിങ് ഡ്യൂട്ടിക്കിടെ സെപ്റ്റംബര്‍ 28നാണ് മണ്ഡലിനെ എയ്ക് നല്ലയില്‍ നിന്നും കാണാതായത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്പൊട്ടലില്പ്പെട്ടാണ് മരണമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം പ്രദേശവാസികളും പാകിസ്ഥാന് സൈനികരും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയതായി പാക് റേഞ്ചേഴ്സ് അറിയിച്ചത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ മൃതദേഹം ഇന്ത്യക്ക് കൈമാറും. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ച മണ്ഡൽ.