പട്‌ന: ബിഹാറിലെ ഖഗേറിയ ജില്ലയിൽ ബോട്ട് മറിഞ്ഞ് പത്ത് പേർ മരിച്ചു. സംസ്ഥാനത്ത് മൂന്ന് ബോട്ടപകടങ്ങളിലായി ഇതുവരെ 15 പേർ മരിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന ജില്ലകളിലാണ് അപകടം നടന്നത്.
ബോട്ടപകടത്തിൽ ഖഗേറിയ ജില്ലയിൽ പത്ത് മരണം റിപ്പോർട്ട് ചെയ്തപ്പോൾ സഹർസയിൽ മൂന്നും ദർബംഗയിൽ രണ്ടു മരണവും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാത്രി മാൻസി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗന്ധക് നദിയിൽ 20 പേരുമായി പോയ ബോട്ടാണ് മറിഞ്ഞത്. മരിച്ചവരിൽ പത്ത് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടുന്നു. ഇതിൽ 10 വയസുള്ള ആൺകുട്ടിയും 12 വയസുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.
ദർബംഗയിൽ ഹയഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മറ്റൊരു അപകടം. ചൊവ്വാഴ്ച രാത്രി 13 പേരുമായി പോയ ബോട്ട് കരേ നദിയിൽ മറിയുകയായിരുന്നു. 45 വയസ് പ്രായമുള്ള രണ്ട് സ്‌ത്രീകളുടെ മൃതദേഹം ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. 16 വയസുള്ള ആൺകുട്ടിക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. സഹർസയിൽ 13 പേർ സഞ്ചരിച്ച ബോട്ട് സിൽഖുവ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോസി നദിയിൽ മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് വയസുള്ള ആൺകുട്ടിയും അച്ഛനും 15 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് എക്സ് ഗ്രേഷ്യ അടയ്ക്കാൻ ഉത്തരവിട്ടു. അതേസമയം, മരിച്ചവരുടെ ബന്ധുക്കൾക്ക് എംഎൽഎ പൂനം യാദവ് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും പ്രഖ്യാപിച്ചു.