ബെംഗളൂരു: കര്‍ണാടകയിലെ നിലമംഗലയില്‍ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സുബാഷ് നഗറില്‍ ഗപ്പി സ്വാമിയുടെ വീട്ടിലെ ഉപയോഗശൂന്യമായ കിണറിനുള്ളിലാണ് സ്ഫോടനമുണ്ടായത്. വീടിന് പിന്‍വശത്തുള്ള കിണറില്‍ ആരോ ദുര്‍മാന്ത്രവാദം ചെയ്‌തിട്ടുണ്ടെന്നും കുടുംബത്ത് അപകടമുണ്ടാകുമെന്നും രണ്ട് ദിവസം മുന്‍പ് ഒരു ജോതിഷന്‍ കുടുംബാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഗപ്പി സ്വാമിയുടെ മകന്‍ ശങ്കര്‍ വീടും പരിസരവും പരിശോധിക്കുന്നതിനിടെ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ച ഒരു ചാക്ക് കിണറ്റിലേക്ക് ഇട്ടു. തുടര്‍ന്നാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ ശങ്കറിന് സാരമായി പരിക്കേറ്റു. ചുറ്റും കൂടിനിന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ നിലമംഗല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.