ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ വീണ്ടും ചേരുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ( ലോക്‌ശക്തി) സംഘടന പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങള്‍ക്ക് പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന്‍ ( ലോക്‌ശക്തി) പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയിരുന്നു. നോയിഡ ചില്ലാ അതിര്‍ത്തിയിലെ പ്രതിഷേധം കര്‍ഷകര്‍ അവസാനിപ്പിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബികെയുവിന്‍റെ പ്രഖ്യാപനം. രാകേഷ് തികായത്തിന് പിന്തുണ അറിയിച്ച ബികെയു കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കായി പ്രതിഷേധകരെല്ലാം ഒന്നിച്ച് ഐക്യത്തോടെ പോരാടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്‌തു.
ഗാസിപൂര്‍ അതിര്‍ത്തിയിലെത്താന്‍ പ്രതിഷേധകര്‍ക്ക് സംഘടനാ മേധാവി ഷിയോരാജ് സിങ് നിര്‍ദേശം നല്‍കി. മുസാഫര്‍ നഗറിലുള്ള പ്രതിഷേധക്കാർ മഹാപഞ്ചായത്തിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാനും ഷിയോരാജ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി അനുഭാവികളും കര്‍ഷകരെ ആക്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അടിച്ചമര്‍ത്തുന്ന ഒരു നയങ്ങളെയും ബികെയു പിന്തുണക്കില്ലെന്നും തികായത് യൂണിയന് ലോക് ശക്തി പിന്തുണ നല്‍കുന്നുവെന്നും ഷിയോരാജ് സിങ് കൂട്ടിച്ചേര്‍ത്തു. ഇരുസംഘടനകളും ഒരുമിച്ച് പേരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ട് മാസമായി ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്രാക്‌ടര്‍ റാലിക്കിടെ പൊലീസും പ്രതിഷേധകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.