പട്‌ന: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കൊവിഡ് വാക്സിൻ നൽകാനുള്ള ബിജെപിയുടെ വാഗ്ദാനം തികച്ചും നിയമപരമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഇതിനെ 'ചരിത്രപരമായ ചുവടുവെപ്പ്' എന്ന് വിശേഷിപ്പിച്ച കേന്ദ്ര മന്ത്രി, ബിജെപി പുരോഗമനപരമായി ചിന്തിക്കുകയും സംസ്ഥാനത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന് പ്രകടനപത്രികയിൽ മുൻഗണന നൽകുന്നതായും അഭിപ്രായപ്പെട്ടു.
കൊവിഡ് വാക്സിൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബിജെപിയെ വിമർശിച്ചിരുന്നു. ബിജെപി തങ്ങളുടെ കൊവിഡ് ആക്സസ് സ്ട്രാറ്റജി പ്രഖ്യാപിച്ചതായും എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് അറിയാൻ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ റഫർ ചെയ്യണമെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
മൂന്ന് ഘട്ടങ്ങളായുള്ള ബിഹാർ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി വ്യാഴാഴ്ച പുറത്തിറക്കി. ഐസിഎംആറിൽ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷം കൊവിഡ് വാക്സിൻ ഓരോ വ്യക്തിക്കും സൗജന്യമായി ലഭിക്കുമെന്നാണ് വാഗ്ദാനം . കേന്ദ്ര ധനമന്ത്രിയും ബിജെപി നേതാവുമായ നിർമ്മല സീതാരാമനാണ് പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.