കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ഹൗറ ജില്ലയിലാണ് സംഭവം. ചന്ദനപാറയിലെ പുഷ്‌പ വ്യാപാരിയായ 52കാരന്‍ കിന്‍കര്‍ മജ്‌ഹിയാണ് മരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ പരിതോഷ് മജ്‌ഹിയാണ് ഇയാളെ വധിച്ചത്.
ഭൂമി തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇയാളെ അയല്‍ക്കാരനും ടിഎംസി അനുകൂലിയുമായ പരിതോഷ് മജ്‌ഹിയും കൂട്ടരും തടയുകയായിരുന്നു. വെടിവെച്ചതിന് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കിന്‍കര്‍ മജ്‌ഹിയെ ഉലുബേരിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.
എന്നാല്‍ സംഭവം രാഷ്‌ട്രീയമാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. എന്നാല്‍ അയല്‍ക്കാര്‍ തമ്മിലുള്ള ഭൂമിതര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് സര്‍ക്കാരും പൊലീസും പറയുന്നു. പ്രതിയില്‍ നിന്നും കിന്‍കര്‍ മജ്‌ഹിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാവ് അനുപം മാലിക് പറഞ്ഞു. എന്നാല്‍ ടിഎംസി ബഗ്‌നാന്‍ എംഎല്‍എ അരുണാവ സെന്‍ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ ബന്ധമില്ലെന്ന് എംഎല്‍എ പറഞ്ഞു.