ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി തുടരവെ വിമത എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പ്രസ് കോണ്‍ഫറന്‍സിനിടെ കോണ്‍ഗ്രസ് വക്താവ് പവാന്‍ ഖേരയാണ് ബിജെപിക്കെതിരെ ആരോപണമുയര്‍ത്തിയത്. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിനായി പുറത്ത് വിട്ട ഓഡിയോ ടേപ്പുമായി ബന്ധപ്പെട്ട് വിമതരെ ചോദ്യം ചെയ്യാനായി ഹരിയാനയിലെ മനേസറിലെ ഐടിസി ഹോട്ടലിലെത്തിയ രാജസ്ഥാന്‍ പ്രത്യേക പൊലീസ് സംഘത്തെ തടഞ്ഞുവെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തിന്‍റെ പൊലീസ് സംഘത്തെ മറ്റൊരു സംസ്ഥാനത്തിന്‍റെ പൊലീസ് തടയുന്നതെന്നും അതുവഴി എംഎല്‍എമാര പിന്‍വാതിലിലൂടെ രക്ഷപ്പെടാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ തുറന്ന അന്വേഷണം നടത്താന്‍ ബിജെപി തടസം സൃഷ്‌ടിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എംഎല്‍എമാരെ തട്ടിയെടുത്ത് സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്‌ടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന ലക്ഷ്യവും രാജ്യം ഭരിക്കാന്‍ ഏതറ്റം വരെയും പോകുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് അദ്ദേഹം വ്യക്തമാക്കി. അവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ ജനാധിപത്യ പ്രകൃയയെ തകിടം മറിക്കാനും ശ്രമിക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിനാല്‍ തങ്ങളുടെ എംഎല്‍എമാരെ സംരക്ഷിക്കുകയെന്നത് കോണ്‍ഗ്രസിന്‍റെ കടമയാണെന്ന് പവാന്‍ ഖേര പറഞ്ഞു. ഒരു വശത്ത് സച്ചിന് പൈലറ്റിനായി പാര്‍ട്ടി വാതിലുകള്‍ ഇപ്പോഴും അടച്ചിട്ടില്ലെന്ന് പറയുകയും മറുവശത്ത് എന്തുകൊണ്ടാണ് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സച്ചിനായി ബിജെപി അഭിഭാഷകര്‍ പ്രതിനിധീകരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ചോദിക്കുന്നു.
ഓഡിയോ ടേപ്പ് വിവാദത്തില്‍ സിബിഐ അന്വേഷണം ബിജെപി ഇന്ന് ആവശ്യപ്പെട്ടിരുന്നു. രാജസ്ഥാന്‍ സര്‍ക്കാറിനെ താഴെയിറക്കാനായി ബിജെപി വിമത എംഎല്‍എമാരുമായി ചേര്‍ന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലട്ടിനെ വിമര്‍ശിച്ച് ബിഎസ്‌പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു. ഫോണ്‍ ടാപ്പിങ് വിഷയത്തിലടക്കം സര്‍ക്കാരിനെ വിമര്‍ശിച്ച മായാവതി രാജസ്ഥാനില്‍ പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. മായാവതി ഭയത്തിലും നിസഹായയുമാണെന്നും അതിനാലാണ് ബിജെപിക്ക് അനുകൂലമായ പ്രസ്‌താവനകളിറക്കുന്നതെന്നുമാണ് പവാന്‍ ഖേര പ്രതികരിച്ചത്.