ഹൈദരാബാദ്: മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ വിമർശിച്ച് ബിജെപി തെലങ്കാന യൂണിറ്റ്. കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ബിജെപി വക്താവ് കെ. കൃഷ്ണ സാഗർ റാവു രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജിൽ വ്യവസ്ഥകൾ ഉള്ളതിനാൽ മുഖ്യമന്ത്രിയുടെ പതിവ് രീതികൾ ഇവിടെ നടക്കില്ലെന്നും അതുമൂലമുള്ള നിരാശയാണ് ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ അരോചകമാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ സ്വീകാര്യമല്ലെന്നും കൃഷ്ണ സാഗർ റാവു പറഞ്ഞു. അഴിമതി, ദുരുപയോഗം എന്നിവയിലൂടെ മുഖ്യമന്ത്രി സംസ്ഥാനത്തെ പരാജയപ്പെടുത്തുകയാണെന്നും നിരുത്തരവാദപരമായ സർക്കാർ തെലങ്കാനയെ ഏറെക്കുറെ പാപ്പരാക്കിയതായും ബി.ജെ.പി വക്താവ് ആരോപിച്ചു.
കഴുത്തില്‍ കത്തിവെച്ച് സംസ്ഥാന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്നതുപോലെയാണ് കേന്ദ്രത്തിന്‍റെ സാമ്പത്തിക പാക്കേജെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞിരുന്നു. സാമ്പത്തിക പാക്കേജിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയത്.