ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കര്‍ഷക പ്രതിഷേധം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാത്തതിനെതിരെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. ബിജെപിയുടെ ബില്ല്യണെയര്‍ കൂട്ടുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ ചുവന്ന പരവതാനി വിരിക്കുകയും കര്‍ഷകര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ തടയുകയും ചെയ്യുന്നു. തങ്ങളുടെ ആവശ്യങ്ങളുയര്‍ത്തി കര്‍ഷകര്‍ ഡല്‍ഹിയിലെത്തുന്നത് എങ്ങനെ തെറ്റാവുമെന്ന് പ്രിയങ്ക ചോദിച്ചു. ഡല്‍ഹി ചലോ മാര്‍ച്ചിന്‍റെ ഭാഗമായി പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് വെള്ളിയാഴ്‌ച ഡല്‍ഹിയിലെത്തിയത്. കേന്ദ്രത്തിന്‍റെ കര്‍ഷക നിയമത്തിനെതിരായാണ് കര്‍ഷകരുടെ പ്രതിഷേധം. ഭക്ഷ്യധാന്യ സംഭരണത്തിന്‍റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.
കര്‍ഷകരുടെ ശബ്‌ദം അടിച്ചമര്‍ത്താനായി റോഡുകള്‍ തടയുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു. മിനിമം താങ്ങുവിലക്കുള്ള നിയമപരമായ അവകാശം കര്‍ഷകര്‍ക്കുണ്ടെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പ്രധാനമന്ത്രി ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിന് പ്രാധാന്യം നല്‍കുമ്പോള്‍ ഒരു രാജ്യം ഒരു രീതിക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്‌തു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കാന്‍ ഈ മൂന്ന് നിയമങ്ങള്‍ വഴി കഴിയുമെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നു. ഡിസംബര്‍ മൂന്നിന് കേന്ദ്രം കര്‍ഷക സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനകം തന്നെ മൂന്ന് ഘട്ടം ചര്‍ച്ചകള്‍ നടന്നു.