ജയ്‌പൂർ: കേന്ദ്ര സർക്കാറാണ് രാജസ്ഥാനിലെ ശിശു മരണത്തിന് ഉത്തരവാദികളെന്ന് രാജസ്ഥാൻ തദ്ദേശ സ്വയംഭരണ മന്ത്രി ശാന്തി കുമാർ ധരിവാൾ. ജെ കെ ലോൺ ആശുപത്രിയിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ശാന്തി കുമാർ ധരിവാൾ കൂടിക്കാഴ്‌ച്ച നടത്തി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്ഥിതിഗതികൾ അറിയാൻ ആശുപത്രിയിലെത്തിയ ബിജെപി മന്ത്രിമാരോടൊപ്പം അവർ തന്നെ തെരഞ്ഞെടുത്ത മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നതായി ശാന്തി കുമാർ ധരിവാൾ ആരോപിച്ചു. മാധ്യമപ്രവർത്തകരെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ പാർപ്പിച്ചു. ഇവർ ആശുപത്രിയുടെ പ്രതിച്ഛായ തകർക്കാൻ മന: പൂർവം വാർത്തകളുണ്ടാക്കുകയാണ്. എന്നാൽ ബിജെപി സർക്കാരിന്‍റെ നിരുത്തരവാദിത്വം മൂലമാണ് മരണസംഖ്യ ഉയർന്നത്. സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം സർക്കാർ ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം ഈ വർഷം ഏറ്റവും കുറവാണ്. എന്നാല്‍ 2014-2018 കാലയളവില്‍ കൂടുതൽ സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ട ജില്ലയിലെ ജെ കെ ലോൺ ആശുപത്രിയിലും മഹാരാവു ഭീംസിങ് ആശുപത്രിയിലും പ്രത്യേക ഔട്ട് പേഷ്യന്‍റ് ഡിപ്പാർട്ട്‌മെന്‍റ് (ഒപിഡി) ബ്ലോക്കുകൾ നിർമിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജെ കെ ലോൺ ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന്‍റെ മുൻഭാഗം മാറ്റാനും പുതിയ ഒപിഡി ബ്ലോക്കിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മതിയായ ഇടം ഉൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ ഉൾപ്പെടുത്താനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
നവജാതശിശു തീവ്രപരിചരണ വിഭാഗം 'സ്‌മാർട്ട് സിറ്റീസ്' പദ്ധതി പ്രകാരം പുനർ നിർമിച്ച് നഗരവികസന ട്രസ്റ്റ് എഞ്ചിനീയർമാർ റിപ്പോർട്ട് സമർപ്പിക്കണം. ആശുപത്രിയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സർക്കാർ 27 കോടി രൂപ ചെലവഴിക്കും. കിടപ്പ് രോഗികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും നിലവിലുള്ള കിടക്കകളുടെ എണ്ണം കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.