ലാൽ കൃഷ്ണ അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവരുടെ പേരുകൾ ബിജെപി പ്രചാരകരുടെ പട്ടികയില്‍ ഇല്ല.നാൽപ്പതോളം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരകരാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്‍റ്അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ്, ഉമാഭാരതി, നിർമല സീതാരാമൻ, യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രചാരക പട്ടികയിലുണ്ട്.
ഗുജറാത്തിലെ ഗാന്ധി നഗറില്‍ നിന്ന് ആറു തവണ ലോക്‌സഭയിലേക്കെത്തിയിട്ടുള്ള അദ്വാനിക്ക് പകരം ഇത്തവണ ഇവിടെ നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ജനവിധി തേടുന്നത്. ബിജെപി മുൻ അധ്യക്ഷൻ കൂടിയായ മുരളി മനോഹർ ജോഷിയ്ക്ക് സിറ്റിംഗ് സീറ്റായ കാൺപൂരില്‍ സീറ്റ് നല്‍കിയിട്ടില്ല.
തെരഞ്ഞെടുപ്പ് പട്ടികയിലും പ്രചാരക പട്ടികയിലും പേരു പരാമർശിക്കാത്തതിനെ തുടർന്ന് അദ്വാനി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുമ്പായി മുതിര്‍ന്ന നേതാക്കളോട് സ്വയം വിരമിക്കാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അദ്വാനി അനുസരിക്കാന്‍ തയ്യാറായിരുന്നില്ല. മുതിര്‍ന്ന നേതാക്കള്‍ തന്നെ ബന്ധപ്പെടാന്‍ സന്നദ്ധത കാണിക്കണമെന്ന് അദ്വാനി ആവശ്യമുന്നയിച്ചിരുന്നു. കാൺപൂരില്‍ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജോഷിയും പരസ്യ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ഏപ്രിൽ 11 മുതൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി മേയ് 19 വരെ നീളും. ഏഴ് ഘട്ടങ്ങളിലായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് 23 ന്.