ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജനങ്ങളില്‍ എത്തിക്കാൻ "ഏക് ദേശ്-ഏക് സൻവിധൻ" (ഒരു ഇന്ത്യ-ഒരു ഭരണഘടന) എന്ന പേരില്‍ പുസ്തകമിറക്കി. എല്ലാ സംസ്ഥാന പ്രസിഡൻ്റുമാർക്കും സംസ്ഥാന ചുമതലയുള്ളവർക്കും പ്രാദേശിക ഭാഷകളിൽ അച്ചടിച്ച് പാർട്ടി പ്രവർത്തകർക്ക് പുസ്‌തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചെന്നും ബിജെപി.
68 പേജുള്ള പുസ്തകത്തിൽ പാർട്ടി വർക്കിംഗ് പ്രസിഡൻ്റ് ജെ പി നഡ്ഡ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ നടത്തിയ പ്രഭാഷണങ്ങളും ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 370, 35 എ എന്നിവയ്ക്ക് എതിരെയുള്ള പാർട്ടി നിലപാട് വിശദീകരിക്കുന്നതിനോടൊപ്പം ഇതിനെ "ചരിത്രപരമായ മണ്ടത്തര"മെന്നും പുസ്തകത്തിൽ പറയുന്നു.
ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി ഇതിനെ 'ഉഭയകക്ഷി പ്രശ്‌ന'മായാണ് പുസ്‌തകത്തിൽ വിശേഷിപ്പിക്കുന്നത്. മുതിർന്ന ബിജെപി നേതാക്കളായ ശ്യാമ പ്രസാദ് മുഖർജി, അരുൺ ജെയ്‌ലി, സുഷമ സ്വരാജ് എന്നിവരുടെ കാഴ്ചപ്പാടുകൾക്ക് രണ്ടാം പേജ് നീക്കി വെച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 ജനങ്ങളിലേക്കെത്തിക്കാൻ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചരണം ആരംഭിച്ചു. ഓഗസ്‌റ്റിലാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ വിഭജിച്ചത്.