ലഖ്നൗ: ഹത്രാസ് ബലാത്സംഗവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ബിജെപി എംപി വിവാദത്തിൽ. കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് എംപി രാജ്‌വീർ സിംഗ് ദിലർ വിവാദത്തിലായത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ കൽവയിൽ നിന്നുള്ള വാൽമീകി സമാജിലെ നേതാവ് ഗീത നഗർ ഓഡിയോ ക്ലിപ്പിൽ രാജ്‌വീർ സിംഗിനോട് ആവശ്യപ്പെടുന്നു. ഇതിന് നൽകിയ മറുപടിയാണ് വിവാദത്തിലായത്.
"കേസ് ഒത്തുതീർപ്പായി. മരിച്ചയാളുടെ സഹോദരന് 25 ലക്ഷം രൂപയും വീടും ജോലിയും നൽകിയിട്ടുണ്ട്. എന്തായാലും പെൺകുട്ടി തിരിച്ചുവരാൻ പോകുന്നില്ല," രാജ്‌വീർ സിംഗ് പറഞ്ഞു.
എന്തിനാണ് പൊലീസ് ഇരയുടെ മൃതദേഹം കത്തിച്ചതെന്നും പൊലീസുകാർക്കെതിരെ നടപടിയെടുക്കുമോ എന്നും മറ്റൊരാൾ ഓഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നിങ്ങൾ പൊലീസിനെതിരെ നടപടിയെടുക്കാത്തത് എന്നായിരുന്നു എംപിയുടെ മറുപടി.
എംപിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.