കൊല്‍ക്കത്ത: ജയ്ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷത്തോളം കത്തുകള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അയക്കാനൊരുങ്ങി ബിജെപി പ്രവര്‍ത്തകര്‍. ബിജെപി എംപി അര്‍ജുന്‍ സിംഗാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. മമതക്ക് ധൈര്യം ഉണ്ടെങ്കിടല്‍ ഈ പത്ത് ലക്ഷം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുവാനും അര്‍ജുന്‍ വെല്ലുവിളിച്ചു.
ബുധനാഴ്ച ഭത്പാരയില്‍ എത്തിയ മമതക്ക് മുന്നില്‍ ജയ്ശ്രീറാം വിളിച്ച പത്തോളം പേരെ മമതയുടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കത്ത് അയക്കുന്നത്. നാളെ അല്ലാഹു അക്ബര്‍ വിളിച്ചാല്‍ ഇസ്ലാം വിശ്വാസികള്‍ക്കെതിരെയും മമത നടപടിയെക്കുമെന്നും ബംഗാളില്‍ ദൈവ വിശ്വാസികള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ബിജെപി ജയ് ശ്രീറാം ഉപയോഗിക്കുന്നത് പാര്‍ട്ടി മുദ്രാവാക്യമായിട്ടാണെന്നും സമൂഹത്തിനിടയില്‍ തെറ്റിധാരണ പരത്താനാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നതെന്നും മമത ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.