കൊൽക്കത്ത:പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിൽ ടിഎംസി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തതു. ബിജെപി നേതാവ് അനിസൂർ റഹ്മാനെയും കൂട്ടാളിയായ മുബാറക് ഖാനെയും ഞായറാഴ്ച മെക്കഡ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച തംലൂക്ക് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 13 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ബിജെപി നേതാവും സഹായിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് അറിയിച്ചു.
ഒക്ടോബർ ഏഴിന് രാത്രി മൈസോറ ഗ്രാമത്തിലെ ടിഎംസി ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിലാണ് പൻസ്‌കുര പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്‍റ് കുർബൻ ഷായെ കണ്ടത്. ബൈക്കിലെത്തിയ സംഘം പാർട്ടി ഓഫീസിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. ഏറെ നാളായി ബിജെപി- തൃണമൂൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് പൻസ്‌കുര. എന്നാൽ തൃണമൂൽ കോൺഗ്രസിലെ ഉൾപ്പോരുകളുടെ ഫലമാണ് കൊലപാതകം എന്നാണ് ബിജെപിയുടെ ആരോപണം.