കൊല്‍ക്കത്ത: മമത ബാനര്‍ജി പശ്ചിമ ബംഗാളിനെ തീവ്രവാദ സംസ്ഥാനമാക്കിയെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് രാജ്യ വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമ അനുകൂല ക്യാമ്പയിനിന്‍റെ ഭാഗമായി ബര്‍ദ്വാന്‍ ടൗണ്‍ ഹാളില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമത സര്‍ക്കാര്‍ സംസ്ഥാനത്തെ തീവ്രവാദികളുടെ സംസ്ഥാനമാക്കികൊണ്ടിരിക്കുകയാണ്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചത് മമതയുടെ പാര്‍ട്ടിക്കേറ്റ അടിയാണെന്നും 2021 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ മമത പുറത്താകുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.
സംസ്ഥാനത്ത് അക്രമം വര്‍ധിച്ചു വരുകയാണ്. വിദ്യാഭ്യാസ മേഖലകളില്‍ മമത സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഈ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിനെതിരെയും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.