മുംബൈ: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ബിജെപി സംസ്ഥാന വ്യാപകമായി 'മഹാരാഷ്ട്ര ബച്ചാവോ ആന്ദോളൻ' ആരംഭിച്ചു. കേന്ദ്ര സർക്കാരിനെപ്പോലെ സംസ്ഥാനത്തെ തൊഴിലാളികൾക്കായി 50,000 കോടി രൂപയുടെ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്ര ബച്ചാവോ ആന്ദോളൻ' ആരംഭിച്ചത്. കറുത്ത റിബണുകളും പ്ലക്കാർഡുകളും ഉയർത്തിയായിരുന്നു പ്രതിഷേധം. കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടം സർക്കാർ ഗൗരവമായി എടുക്കുന്നില്ലെന്നും അതിന്‍റെ ഫലമായി സാധാരണക്കാരെ ഇത് ബാധിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. മുംബൈയിലെ ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന പ്രക്ഷോഭത്തിൽ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രകാന്ത് പാട്ടീലും മുൻ മന്ത്രി വിനോദ് താവ്ഡെയും പങ്കെടുത്തു.
വ്യാഴാഴ്ച സംസ്ഥാനത്ത് 2345 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 41,642 ആയി. 1408 പേരെ രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. ഇതുവരെ 11726 പേരെ രോഗം ഭേദമായതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 28,454 പേർ നിലവിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.