ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം മൂലം ബി.ജെ.പി പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സന്ദീപ് ദിക്ഷിത് പറഞ്ഞു. പൗരത്വഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്.സിക്കെതിരെയുമുള്ള പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയിട്ടും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പട്ടികയില്‍ നിന്ന് പുറത്തായതും ബി.ജെ.പിക്ക് തിരിച്ചടിയായെന്നും അദ്ദേഹം ഇ.ടി.വി ഭാരതിനോട് പറഞ്ഞു. പൗരത്വഭേദഗതി നിയമം റദ്ദുചെയ്യുന്നതു വരെ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭത്തില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ മീററ്റിലെത്തിയ രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി പ്രശ്നം രാഷ്ട്രീയവത്കരിക്കുകയാണെന്നും നേതാക്കള്‍ ഇരകളെ സന്ദര്‍ശിക്കുന്നത് സ്വാഭാവികമാണെന്നും സന്ദീപ് ദിക്ഷിത് പറഞ്ഞു.