ലക്നൗ: ബിജെപിയുടെ ദേശീയ സ്നേഹത്തെ ചോദ്യം ചെയ്ത് സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. ബി ജെ പി സർക്കാർ ദേശീയ സുരക്ഷയിൽ പരാജയമാണ്. അതിർത്തിയിലും നക്സൽ ആക്രമണ പ്രദേശങ്ങളിലും നമ്മുടെ സൈനികർ മരിച്ചുകൊണ്ടിരിക്കുകയാണ്.
ബിജെപി സൈനികരെ പറ്റി സംസാരിക്കുന്നു. പക്ഷേ പ്രതിദിനം ഒരോ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുമ്പോൾ ഏതുതരം ദേശീയ സുരക്ഷയാണിവിടെയുളളതെന്നും അഖിലേഷ് യാദവ് ചോദിക്കുന്നു .
ഏതൊരു രാജ്യത്തിന്‍റെയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ് രാജ്യസുരക്ഷ. പ്രാദേശിക പാർട്ടികൾ ജനങ്ങളോട് കൂടുതൽ അടുത്തു നിൽക്കുന്നവരാണ്. കഴിഞ്ഞ കാലങ്ങളിൽ അവർ നല്ല രീതിയിൽ പ്രവർത്തിച്ചതിന്‍റെ അനുഭവപരിചയവും അവർക്കുണ്ട്. അതിനാൽ ഏറ്റവും മികച്ചത് തന്നെ അവർ ചെയ്യുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
"എന്‍റെ ജീവിതത്തെക്കുറിച്ച് മറ്റുളളവരോട് പറയേണ്ട ആവശ്യം എനിക്കില്ല . ജീവിതത്തിലെ ഏഴ് വർഷം ഞാൻ സൈനിക സ്കൂളിലാണ് ചെലവഴിച്ചിട്ടുണ്ട്. എന്‍റെ കോളജ് സഹപാഠികൾ അതിർത്തിയിൽ രക്തസാക്ഷികളായിട്ടുണ്ട്. എന്‍റെ ഭാര്യയുടെ അച്ഛൻ സൈനികനായിരുന്നു. എന്‍റെ ഭാര്യയുടെ സഹോദരിയും ഭർത്താവും സൈന്യത്തിലാണ്. ഏറെ ദേശസ്നേഹമുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപിയോട് എനിക്ക് ചോദിക്കാനുളളതും ഇതാണ് നിങ്ങളിൽ എത്രപേരുടെ കുടുംബാംഗങ്ങൾ സൈന്യത്തിലുണ്ട്. ബിജെപിയെപ്പോലെ ദേശീയതയെ ഞങ്ങൾ കൊട്ടിഘോഷിക്കാറില്ല " അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും അഖിലേഷ് ആഞ്ഞടിച്ചു. തീവ്രവാദികളുടെ കയ്യിൽ എസ് പിയുടെ പതാകയുണ്ടെന്നാണ് യോഗി പറയുന്നത്. പക്ഷേ അദ്ദേഹത്തിന്‍റെ കൈയ്യിൽ എത്ര പതാകകളുണ്ടെന്ന് ആദ്യം പറയട്ടെ അദ്ദേഹത്തിന് ഹിന്ദു മതത്തിന്‍റെ, ഹിന്ദു യുവ വാഹിനിയുടെ ഒരു പതാകയും ആർ എസ് എസിന്‍റെ മറ്റൊരു പതാകയുമുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു.