പട്ന: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പരമാവധി ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി ഭാരതീയ ജനതാ പാർട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ ഡിജിറ്റലായി സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം അറിയിച്ചത്. ഒരു നിയോജകമണ്ഡലത്തിലെ ഓരോ അഞ്ച് ഗ്രാമങ്ങളിലും സമാന്തരമായി യോഗം നടത്തുന്നതിലൂടെ ഒരേസമയം 100 യോഗം വരെ നടത്താൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സാമൂഹിക അകലം ഉറപ്പാക്കാനുള്ള ശ്രമമാണിതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
എൻഡിഎ സ്ഥാനാർഥികൾക്കായി പ്രധാനമന്ത്രി ബിഹാറിൽ 12 തെരഞ്ഞെടുപ്പ് റാലികൾ നടത്തും. ഒക്ടോബർ 23ന് സസാരാം, ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിലും ഒക്ടോബർ 28ന് ദർഭംഗ, മുസാഫർപൂർ, പട്ന എന്നിവിടങ്ങളിലും നവംബർ മൂന്നിന് ചാപ്ര, ഈസ്റ്റ് ചമ്പാരൻ, സമാസ്തിപൂർ എന്നിവിടങ്ങളിലും പ്രധാനമന്ത്രി റാലികൾ നടത്തും. നവംബർ മൂന്നിന് വെസ്റ്റ് ചമ്പാരൻ, സഹർസ, അരാരിയ എന്നിവിടങ്ങളിൽ റാലികൾ നടത്തുമെന്ന് ഫഡ്‌നാവിസ് നേരത്തെ വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഒക്ടോബർ 28, നവംബർ 3, 7 എന്നീ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബിഹാറിലെ 243 അംഗ നിയമസഭയിൽ യഥാക്രമം 121,122 സീറ്റുകളിൽ മത്സരിക്കാനാണ് ബിജെപിയും ജെഡിയുവും തീരുമാനിച്ചിരിക്കുന്നത്. നവംബർ 10നാണ് വോട്ടെണ്ണൽ.