ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി തൂത്ത് വാരിയ ശേഷം കടന്നു വരുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണ വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. അധികാരത്തിലിരിക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലുമാണ് ജനം വിധിയെഴുതുന്നത്. അത് കൊണ്ടുതന്നെ അഭിമാന പോരാട്ടമായി കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത്. സംസ്ഥാന വിഷയങ്ങളും അതിനെയൊക്കെ കവച്ചു വയ്ക്കുന്ന ദേശീയ വിഷയങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ നേട്ടവും പ്രചാരണായുധമാക്കാനാണ് ബിജെപി ക്യാമ്പിന്‍റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുമാണ് ബിജെപിയുടെ താര പ്രചാരകര്‍. പത്തിടങ്ങളിലാണ് മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി റാലി നടത്തുക. ഹരിയാനയില്‍ ആറോളം റാലികളിലും നരേന്ദ്ര മോദി പങ്കെടുക്കും. അമിത് ഷായും ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തും.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത്, കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് മേലുള്ള നയതന്ത്ര വിജയങ്ങള്‍, അസമില്‍ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്, മോദി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങള്‍, പ്രധാനമന്ത്രിയുടെ ലോക നേതാവ് പ്രതിച്ഛായ, അഴിമതി വിരുദ്ധ നടപടികള്‍ എന്നിവയിലൂന്നിയാകും ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍. കശ്മീര്‍ വിഷയത്തിലെ കേന്ദ്ര നിലപാടിനും നടപടികള്‍ക്കും വലിയ ജനപിന്തുണയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്‍ആര്‍സിയടക്കമുള്ള മറ്റ് വിഷയങ്ങളും പി ചിദംബരം പോലെയുള്ള അതികായന്മാര്‍ക്കെതിരായ നിയമനടപടികളും ജനം സ്വാഗതം ചെയ്തിട്ടുണ്ടെന്നും ബിജെപി കരുതുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലുമടക്കം കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിടുന്ന പ്രതിസന്ധിയും സംഘടനാ ബലഹീനതയും ബിജെപി ക്യാമ്പുകളില്‍ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെയും ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെയും മികച്ച പ്രതിച്ഛായയും ബിജെപിയുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ശിവസേനാ നിലപാടുകളും ബിജെപിക്ക് നിര്‍ണായകമാണ്. ആദിത്യാ താക്കറയെ മുന്‍നിര്‍ത്തിയുള്ള ശിവസേനയുടെ മുഖ്യമന്ത്രി പദ വാദത്തിന് താല്‍ക്കാലികമായി തടയിടാനായെങ്കിലും വോട്ടെണ്ണല്‍ കഴിയുമ്പോള്‍ നിലപാട് മാറ്റമുണ്ടായേക്കാനും സാധ്യതയുണ്ട്. ജാതി സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് മറ്റൊരു രാഷ്ട്രീയ തന്ത്രമില്ലാത്ത ഹരിയാനയിലും ബിജെപി, വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ജാട്ട് ഇതര സമുദായങ്ങളാണ് നിലവില്‍ ഹരിയാനയിലെ ബിജെപിയുടെ വോട്ട് ബാങ്ക്. ജാട്ട് സമുദായത്തില്‍ ഒരു വിഭാഗത്തിനെ ഒപ്പം നിര്‍ത്താന്‍ ഖട്ടര്‍ക്ക് കഴിഞ്ഞതും കണക്കുകൂട്ടലുകളില്‍ ബിജെപിക്ക് കരുത്ത് പകരുന്നു.
288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ശിവസേനക്കൊപ്പം 220 സീറ്റാണ് ബിജെപി ലക്ഷ്യമിടുന്നത്. 90 അംഗ ഹരിയാനാ നിയമസഭയില്‍ 75 സീറ്റുകളെങ്കിലും നേടാനാണ് പരിശ്രമം. വലിയ വിജയം തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ ആധികാരികതയുള്ള വിജയം നേടിയാല്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും സമീപകാല നയങ്ങള്‍ക്കും നടപടികള്‍ക്കുമുള്ള ജനാംഗീകാരമായി അത് ഉയര്‍ത്തിക്കാട്ടാനാകും. ഒപ്പം വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടാനും കഴിയും.