ഭുവനേശ്വര്‍: ഒഡീഷ ബിരിപാഡയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ 'പക്ഷിമനുഷ്യ'നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ സനല്‍ കുമാര്‍ രാജ്. കഴിഞ്ഞ പത്ത് വര്‍ഷമായി പൊലീസ് ജീവിതത്തിനൊപ്പം തന്നെ സനല്‍ കുമാര്‍ പിന്തുടരുന്ന മറ്റൊരു ദിനചര്യ കൂടിയുണ്ട്. ആയിരത്തോളം പക്ഷികൾക്ക് തീറ്റ കൊടുത്തുകൊണ്ടാണ് സനലിന്‍റെ എല്ലാ ദിവസവും തുടങ്ങുന്നത്.
ദിവസവും രാവിലെ നിരവധി പക്ഷികളാണ് സനലിന് വേണ്ടി വഴിയോരത്ത് കാത്തുനില്‍ക്കുന്നത്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ പോലും അവ പറന്നുവന്ന് ചുമലിലിരുന്ന് സ്‌നേഹം പ്രകടിപ്പിക്കുന്നു. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെന്ന പോലെ പക്ഷികളെ പോറ്റുന്ന ജോലിയും ഞാന്‍ ആസ്വദിക്കുന്നു. ദിവസവുമുള്ള പരിചയത്തിലൂടെ ആൾക്കൂട്ടത്തിനിടയില്‍ നിന്ന് പോലും പക്ഷികൾ എന്നെ തിരിച്ചറിയുന്നുവെന്നും സനല്‍ പറയുന്നു. സനലിന്‍റെ ഈ ദിനചര്യക്ക് എല്ലാവിധ പിന്തുണയുമായി മേലുദ്യോഗസ്ഥരും കൂടെയുണ്ട്.